മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന്റെ അപ്ഡേഷൻ പുറത്ത്. മാർക്കോ സിനിമയുടെ നിർമാതാക്കളായ ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ചിത്രത്തിലാണ് മമ്മൂട്ടി നായകനാകുന്നത്.
നിർമാതാക്കൾ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ സംവിധായകൻ മറ്റ് അണിയറ പ്രവർത്തകർ എന്നിവരുടെ വിവരങ്ങൾ ഉടൻ തന്നെ പുറത്ത് വിടും. മമ്മൂട്ടിയുടെ 2026ലെ പ്രധാന പ്രൊജക്ട് ആയിരിക്കും ഇതെന്നാണ് വിവരം.
ഏറ്റവും സമ്പന്നൻ ആയ ക്രിമിനൽ എന്ന വിശേഷണമുള്ള ലഹരിമരുന്നു മാഫിയത്തലവൻ പാബ്ലോ എസ്കോബാറിന്റെ ജീവിതവുമായി സാമ്യമുള്ള കഥാപാത്രമാകും മമ്മൂട്ടി ചെയ്യുകയെന്നും റിപ്പോർട്ട് ഉണ്ട്.
മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റ് പൂർത്തിയായ ശേഷം നിതിഷ് സഹദേവ് ചിത്രമാകും മമ്മൂട്ടി ചെയ്യുക. ഒരു തെലുങ്ക് ചിത്രവും രഞ്ജിത്ത് ഒരുക്കുന്ന ചിത്രവും മമ്മൂട്ടി കമ്മിറ്റ് ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട് ഉണ്ട്. ആന്റണി വർഗീസ് നായകനായ കാട്ടാളൻ ആണ് ക്യൂബ്സ് എന്റർടെയ്ൻമെന്റ് നിലവിൽ നിർമിക്കുന്ന ചിത്രം.